ക്രോഡീകരണം: ചില വസ്തുതകള്‍
23 September 2011
ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളിലേറ്റം പ്രധാനമാണ് വിശുദ്ധ ഖുര്‍ആന്‍. ജിബ്‌രീല്‍ മുഖേന നബിതങ്ങള്‍ക്ക് അല്ലാഹു അവതരിപ്പിച്ച അമാനുഷികത്വമുള്ള ദിവ്യസന്ദേശങ്ങളാണ് ഖുര്‍ആന്‍. ആറായിരത്തിലധികം സൂക്തങ്ങള്‍ ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ നൂറ്റിപതിനാല് അദ്ധ്യായങ്ങളാണ്. ഖുര്‍ആന്റെ സവിശേഷതകളും മഹത്വങ്ങളും വിവരിക്കലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തെ സംബന്ധിച്ച ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുകമാത്രമാണ്.
മുഹമ്മദ് നബിക്ക് പ്രവാചകത്വം നല്‍കപ്പെടുന്ന പ്രഥമ ഘട്ടത്തില്‍തന്നെ ഇഖ്‌റഅ് എന്നുതുടങ്ങുന്ന സൂക്തങ്ങളാണ് അവതരിച്ചത്. കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ട് ഇതിന്റെ അവതരണം പൂര്‍ത്തിയാവുകയും ചെയ്തു. ഖുര്‍ആനിന്റെ അവതരണ കാലത്ത് അത് ഇന്നു കാണുന്ന വിധത്തില്‍ സമാഹരിക്കപ്പെട്ടതോ ക്രമീകരിക്കപ്പെട്ടതോ ആയിരുന്നില്ല. മന:പാഠനത്തെ മാത്രം ആശ്രയിക്കുന്ന കാലമായിരുന്നു അത്. അതിനാല്‍, തെറ്റുപറ്റാനുള്ള സാധ്യതയും കുറവായിരുന്നു. പ്രവാചകരുടെയും പ്രധാനികളായ സ്വഹാബികളുടെയും ഓര്‍മശക്തിയും അതിപ്രധാനമായിരുന്നു. കൂടാതെ, ഓരോ സമയത്തും അവതരിച്ചിരുന്ന സൂക്തങ്ങള്‍ നിശ്ചിത ക്രമങ്ങളില്‍ എഴുതിവെക്കാന്‍ പ്രവാചകന്‍ അബൂബക്ര്‍ സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി (റ) തുടങ്ങിയവരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച്, ഈത്തപ്പന മട്ടലുകള്‍, കല്ലുകള്‍, തല്‍ക്കഷ്ണങ്ങള്‍ തുടങ്ങിയവയില്‍ അവര്‍ രേഖപ്പെടുത്തിവെക്കുകയുണ്ടായി. പക്ഷെ, ഇന്ന് കാണുന്ന മുസ്ഹഫിനെപ്പോലെ അത് ക്രമീകരിക്കപ്പെട്ടിരുന്നില്ല. പലഭാഗങ്ങളും സൂക്തങ്ങളുമായി പലയിടങ്ങളിലുമായി രേഖപ്പെടുത്തി വെക്കുകമാത്രമായിരുന്നു. പലയാളുകള്‍ക്കും ഖുര്‍ആന്‍ മന:പാഠമായിരുന്നുവെന്നതിനാല്‍ ഇങ്ങനെ സമാഹരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നതുകൊണ്ടായിരുന്നു ഇത്.
നാലു ഖലീഫമാരും തല്‍ഹത്ത്, സഅദ്, ഇബ്‌നു മസ്ഊദ്, ഹുദൈഫ(റ) തുടങ്ങിയവരുമെല്ലാം പ്രവാചകരുടെ കാലത്തുതന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പ്രവാചകന്‍ തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു. അന്നൊക്കെ, വര്‍ഷത്തിലൊരിക്കല്‍ മുമ്പവതരിച്ച ഖുര്‍ആന്‍ പൂര്‍ണമായും ഒരു തവണ ഓതിക്കേള്‍പ്പിക്കല്‍ ജിബ്‌രീലിന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ, അന്യഅറബി ഗദ്യ-പദ്യ സൃഷ്ടികളുമായി ഖുര്‍ആന്‍ കൂടിച്ചേര്‍ന്ന് അവ്യക്തമായിപ്പോവുകയെന്ന ഒരു ഭീതി ഉണ്ടായിരുന്നില്ല. അതിനാല്‍, അന്നത് സമാഹരിക്കപ്പെടുകയും ചെയ്തില്ല.
പ്രവാചകരുടെ വിയോഗാനന്തരം അബൂബക്ര്‍ സിദ്ദീഖ്(റ) ഖലീഫാ സ്ഥാനം ഏറ്റെടുത്തു. ഹിജ്‌റ 12 ാം വര്‍ഷം കള്ളപ്രവാചകനായി കടന്നുവന്ന മുസൈലിമത്തുല്‍ കദ്ദാബുമായുള്ള സംഘട്ടനത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ 70 പേര്‍ ശഹീദായി. അഞ്ഞൂറ് പേരാണെന്നും ഒരഭിപ്രായമുണ്ട്. ഹാഫിളുകളായ ഒരു സംഘമാളുകളുടെ ഈ കൂട്ടവിയോഗം സ്വഹാബീ നേതാക്കളെ ചിന്താകുലരാക്കി. ഖുര്‍ആന്‍ മന:പാഠമുള്ളവര്‍ കുറഞ്ഞുവരുന്നതിനെക്കുറിച്ചും ഖുര്‍ആന്റെ ഭാവിയെക്കുറിച്ചും അവര്‍ ഗൗരവമായി ചിന്തിച്ചു. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആവശ്യം.
സിദ്ദീഖ്(റ) വും പ്രധാനികളായ സ്വഹാബികളും ഇക്കാര്യം വളരെ ഗൗരവമായി എടുത്തു. പ്രവാചകന്‍ ചെയ്യാത്ത ഒരു കാര്യം നാം എങ്ങനെ ചെയ്യുമെന്നതായിരുന്നു അവരെ കുഴക്കിയിരുന്ന മുമ്പിലെ ഏറ്റവും വലിയ ചോദ്യം. നബിയുടെ കാലവും ശേഷവും രണ്ടും വ്യത്യസ്തമാണെന്നും അതിനാല്‍ ഇത് സമാഹരിക്കല്‍ ഇന്ന് അനിവാര്യമാണെന്നുമായിരുന്നു പലരുടെയും ആവശ്യം. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ ഖുര്‍ആന്‍ സമാഹരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ക്രമീകരിച്ച് രേഖപ്പെടുത്താതിരുന്നതെന്നും ഇന്ന് ഖുര്‍ആന്‍ മന:പാഠമുള്ളവര്‍ നന്നേ കുറവാണെന്നും ഇനിയും ചുരുങ്ങുമെന്നും കാലാന്തരത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ തീരെ ഇല്ലാത്ത അവസ്ഥവരെ വന്നുപെടുമെന്നും സ്വഹാബിനേതാക്കള്‍ സംശയമുള്ളവരെ ബോധ്യപ്പെടുത്തി. അതുകൊണ്ടുതന്നെ, ഇത്തരം ഒരു ഉത്തരവാദിത്തത്തിന് നാം മുന്നിട്ടിറങ്ങുന്നതില്‍ ഒരപാകതയും ഇല്ലെന്നും അത് അത്യാവശ്യമാണെന്നും അവരെ ബോധ്യപ്പെടുത്തി. അങ്ങനെ, ഖുര്‍ആന്‍ ക്രോഡീകരിക്കല്‍ അനിവാര്യമാണെന്ന് സ്വഹാബികള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചു.
പ്രസ്തുത കൃത്യനിര്‍വ്വഹണത്തിന് സൈദ് ബിന്‍ സാബിത്(റ) വിനെയാണ് സിദ്ദീഖ്(റ) നിയോഗിച്ചത്. ഖുര്‍ആന്‍ ഹാഫിള്, നബിയുടെ വഹ്‌യ് എഴുത്തുകാരന്‍, ജിബ്‌രീല്‍ നബിക്ക് ഖുര്‍ആന്‍ മുഴുവനായി ഓതിനല്‍കിയപ്പോള്‍ ഹാജരുണ്ടായിരുന്നവര്‍, കുശാഗ്രബുദ്ധിമാന്‍ തുടങ്ങിയ നിരവധി സല്‍ഗുണങ്ങളുടെ ഉടമയായതിനാലാണ് അദ്ദേഹത്തെത്തന്നെ സിദ്ദീഖ്(റ) ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരുന്നത്. ഖുര്‍ആന്‍ ക്രമീകരിച്ച് സമാഹരിക്കുകയെന്ന കൃത്യത്തെക്കാള്‍ എനിക്ക് ഭാരം ചുരുങ്ങിയത് ഒരു പര്‍വതം ചുമക്കലാണെന്ന് ഹസ്രത്ത് സൈദ്(റ) പ്രസ്തുത സന്ദര്‍ഭത്തില്‍ പ്രതിവചിച്ചതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എത്ര ഭാരിച്ചതായാലും ഒരു ഉത്തമ കൃത്യമെന്ന നിലയില്‍ സൈദ് (റ) അതിന് മുന്നിട്ടിറങ്ങുകയും നിരവധി ഹാഫിളുകളും അല്ലാഹത്തവരുമായ സ്വഹാബികളെ ഇന്റര്‍വ്യു നടത്തി അവര്‍ ഹൃദിസ്ഥമാക്കിയതും എഴുതിവെച്ചതുമായ സൂക്തങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഖുര്‍ആന്‍ മുഴുവനും സൈദ് (റ) വിന് തന്നെ ഹൃദിസ്ഥമായിരുന്നു എന്നത് ഏറെ പ്രസ്താവ്യമാണ്. എന്നിട്ടും അതിനെമാത്രം അവലംബിക്കാതെ മറ്റു സ്വഹാബികള്‍ രേഖപ്പെടുത്തിയതും ഹൃദിസ്ഥമാക്കിയതും അദ്ദേഹം ശേഖരിച്ചുവെന്നത് ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ അതീവ ശ്രദ്ധ കാണിച്ചിരുന്നുവെന്നാണ് തെളിയിക്കുന്നത്. ഓരോ സൂക്തവും അക്ഷര വ്യത്യാസമന്യേ സൂക്ഷ്മ നിരീക്ഷണം ചെയ്ത്, ഖുര്‍ആന്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അദ്ദേഹമത് രേഖപ്പെടുത്തിയിരുന്നുള്ളൂ. പ്രസ്തുത കൃത്യനിര്‍വഹണത്തിനു ശേഷം അദ്ദേഹമത് സിദ്ദീഖ് (റ) വിനെ ഏല്‍പ്പിക്കുകയും അവരുള്‍പ്പടെയുള്ള സൂക്ഷ്മാലുക്കളായ സ്വഹാബി പ്രമുഖര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം സിദ്ദീഖ്(റ) അത് സൂക്ഷിച്ചുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ഉമര്‍(റ) വും അദ്ദേഹം വഫാത്തായപ്പോള്‍ തന്റെ പ്രിയപുത്രിയും പ്രവാചകരുടെ പ്രിയപത്‌നിയുമായ ഹഫ്‌സ (റ)യും അത് സൂക്ഷിച്ചു. പ്രസ്തുത കാലത്ത് മറ്റുള്ളവരുടെ അടുത്ത് ഖുര്‍ആന്റെ എഴുതപ്പെട്ട പല ഭാഗങ്ങളും പല നിലയിലായി സൂക്ഷിക്കപ്പെട്ടിരുന്നു. അവ നശിപ്പിച്ചിരുന്നില്ല.
കാലങ്ങള്‍ കഴിഞ്ഞുപോയി. ഉസ്മാന്‍(റ) ഭരണം ഏറ്റെടുത്തു. പല അമുസ്‌ലിം രാഷ്ട്രങ്ങളും മുസ്‌ലിംകള്‍ക്കു കീഴില്‍വന്നു. പല മുസ്‌ലിം രാജ്യക്കാര്‍ക്കും ഖുര്‍ആന്‍ പഠിക്കലും മനസ്സിലാക്കലും പ്രയാസമായിത്തുടങ്ങി. പലരും വിവിധ രീതിയില്‍ ഖുര്‍ആന്‍ പാരായണം ആരംഭിച്ചു. ഇറാഖികളും ശാമികളും പരസ്പരം എതിരായ രീതിയില്‍ ഖുര്‍ആന്‍ ഓതിത്തുടങ്ങിയപ്പോള്‍ ഹുദൈഫ(റ) കാര്യം ഖലീഫ ഉസ്മാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇങ്ങനെയിരിക്കെ, ഖുര്‍ആന്‍ പാരായണത്തിന് ഒരു ഏകീകൃത രൂപം ആവശ്യമാണെന്നതിനെക്കുറിച്ച് ഖലീഫ ചിന്തിച്ചു. പലരോടും ആലോചന നടത്തി. ഒരു മുസ്ഹഫ് രൂപത്തിലാക്കി പകര്‍പ്പുകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച്, ഖുര്‍ആനെ ഒരു മുസ്ഹഫ് രൂപത്തില്‍ ക്രമീകരിച്ച് ക്രോഡീകരിക്കുന്നതിനു വേണ്ടി സൈദ് ബിന്‍ സാബിത്, സഈദ് ബിന്‍ ആസ്, അബ്ദുറഹ്മാന്‍ ബിന്‍ ഹാരിസ് ബിന്‍ ഹിശാം(റ) എന്നീ പ്രസിദ്ധരായ നാലു സ്വഹാബികളെ ചുമതലപ്പെടുത്തി. അവര്‍ ഹഫ്‌സ(റ) യുടെ അടുത്തുണ്ടായിരുന്നതും മുമ്പ് ശേഖരിച്ചതുമായ ഏടുകള്‍ വരുത്തി. അങ്ങനെ ഇന്നു കാണുന്ന വിധത്തില്‍ -മുസ്ഹഫ് രൂപത്തില്‍- ആക്കുകയും പകര്‍പ്പുകള്‍ എടുത്തു പല രാജ്യങ്ങളിലേക്കും അയക്കുകയും ചെയ്തു. മരക്കഷ്ണങ്ങളിലും തോലിലും മറ്റും എഴുതിയിരുന്ന മറ്റു ഖുര്‍ആന്‍ കോപ്പികളെല്ലാം കരിച്ചുകളയുകയും ചെയ്തു.
ഖുര്‍ആന്‍ പാരായണത്തിലുള്ള വ്യത്യാസങ്ങള്‍ ദൂരീകരിക്കാനും ഒരു ഏകീകൃത രൂപം സ്വീകരിക്കാനുമാണ് ഉസ്മാന്‍(റ) ശ്രമിച്ചത്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. ഖുര്‍ആന്‍ പാരായണത്തിലെ ഭിന്നത തീര്‍ക്കാനും പല രാജ്യങ്ങളിലേക്കും മുസ്ഹഫിന്റെ പകര്‍പ്പുകള്‍ അയക്കാനും അദ്ദേഹത്തിന് സാധിച്ചു.
ചുരുക്കത്തില്‍, മൂന്നു ഘട്ടങ്ങളിലായി ഖുര്‍ആന്‍ ക്രോഡീകരണം നടന്നതായി കാണാം:
1. സ്വഹാബികളുടെ കാലത്ത്. അഥവാ, പല ഇടങ്ങളിലായി രേഖപ്പെടുത്തി വെച്ചത്.
2. സിദ്ദീഖ് (റ) വിന്റെ കാലത്ത്. ഏകദേശം ക്രോഡീകരിച്ചിരുന്നെങ്കിലും ഇന്നു കാണുന്ന മുസ്ഹഫ് രൂപത്തിലായിരുന്നില്ല. മുഴുവനും ശേഖരിച്ചിരുന്നുവെന്നു മാത്രം.
3. ഉസ്മാന്‍ (റ) വിന്റെ കാലത്ത്. സമ്പൂര്‍ണവും വ്യവസ്ഥാപിതവുമായ ക്രോഡീകരണം ഇതായിരുന്നു. ഇക്കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫ് മുസ്ഹഫുല്‍ ഇമാം എന്നറിയപ്പെടുന്നു. ഇത്തരം മുസ്ഹഫുകളേ നമുക്ക് അവലംബമാക്കല്‍ നിര്‍വാഹമുള്ളൂ.
1. സ്വഹാബികളുടെ കാലത്ത്. അഥവാ, പല ഇടങ്ങളിലായി രേഖപ്പെടുത്തി വെച്ചത്.
2. സിദ്ദീഖ് (റ) വിന്റെ കാലത്ത്. ഏകദേശം ക്രോഡീകരിച്ചിരുന്നെങ്കിലും ഇന്നു കാണുന്ന മുസ്ഹഫ് രൂപത്തിലായിരുന്നില്ല. മുഴുവനും ശേഖരിച്ചിരുന്നുവെന്നു മാത്രം.
3. ഉസ്മാന്‍ (റ) വിന്റെ കാലത്ത്. സമ്പൂര്‍ണവും വ്യവസ്ഥാപിതവുമായ ക്രോഡീകരണം ഇതായിരുന്നു. ഇക്കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫ് മുസ്ഹഫുല്‍ ഇമാം എന്നറിയപ്പെടുന്നു. ഇത്തരം മുസ്ഹഫുകളേ നമുക്ക് അവലംബമാക്കല്‍ നിര്‍വാഹമുള്ളൂ.
(ഖുര്‍ആനിക് ഡൈജസ്റ്റ്, 1985)